"ഒരു സങ്കീർത്തനം പോലെ "
- പെരുമ്പടവം ശ്രീധരൻ
'ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരെഴുത്തുകാരന്റെ കല '
ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ, അതും വിശ്വവിഖ്യാതനായ ഒരെഴുത്തുകാരന്റെ ജീവിതം തന്റേതായ ശൈലിയിൽ എഴുതുക എന്നത് തന്നെയാവണം പെരുമ്പടവം ശ്രീധരൻ എന്ന എഴുത്തുകാരൻ നേരിട്ട ഏറ്റവും വലിയവെല്ലുവിളി. ജീവിതത്തിൽ സകല പ്രതീക്ഷകളും നഷ്ടപെട്ട, മരണത്തെ മാത്രം പ്രതീക്ഷിച്ചു കഴിയുന്ന ദസ്തയേവ്സ്കി എന്ന മനുഷ്യ മനസിന്റെ ഉള്ളിലെ സംഘർഷങ്ങൾ ആണ് കഥയുടെ ഗതി നിർണയിക്കുന്നത്. മനുഷ്യ മനസിലെ സകല വികാര -വിചാരങ്ങളെയും ഒരു കഥാപാത്രത്തിന് പകർന്നു നൽകാൻ പെരുമ്പടവം എന്ന രചനാ സാമ്രാട്ടിന് സാധിച്ചിരിക്കുന്നു.
മരുഭൂമിയിൽ പെയ്തിറങ്ങുന്ന മഴയെന്നപോലെ ദസ്തയെവ്സ്കിയുടെ വഴിവിട്ട ജീവിതത്തിലേക്ക് കടന്നുവരുന്ന അന്ന എന്ന പെൺകുട്ടി പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയാവുന്നു. ദസ്തയേവ്സ്കി, അന്ന, ഫെഡോസ്യ, അലോൻകിൻ, പോളിന, മരിയ തുടങ്ങി പച്ചയായ മനുഷ്യരും അവരുടെ ജീവിതവും പ്രശ്നങ്ങളും ആവിഷ്കാര വിധേയമാകുന്നു.
ജീവിതത്തിൽ സകലതും നഷ്ടപ്പെട്ട അവസ്ഥയിൽ ദസ്തയേവ്സ്കിയുടെ നോവൽ പകർത്തിയെഴുതാൻ എത്തുന്ന പെൺകുട്ടിയാണ് അന്ന. ചുരുക്കെഴുത്തു പഠിച്ചിട്ടുള്ള അവൾ ദൈവത്തിന്റെ എഴുത്തിൽ അദ്ദേഹത്തെ സഹായിക്കുന്നു. എങ്കിലും പ്രത്യേക സ്വഭാവം കാണിക്കുന്ന ദസ്തയേവ്സ്കിയുടെ ജീവിതത്തിലെ പ്രശ്നങ്ങളും അദേഹത്തിന്റെ മനസിലെ ചിന്തയും അപകർഷതാബോധവും അവൾ തിരിച്ചറിയുന്നു. ചൂതുകളിയും അതിലൂടെ ദിവസവും കൂടിവരുന്ന കടബാധ്യതകളും എല്ലാം അവൾ അറിയുന്നു. ഇത്രമേൽ കഷ്ടതകൾക്കിടയിലും കുറ്റവും ശിക്ഷയും പോലെയുള്ള നോവലുകൾ രചിക്കാൻ കഴിയുന്ന ആ മനസിനെ അവൾ ഉൾക്കൊള്ളുന്നു. ദൈവത്തിന്റെ തെറ്റാണു താനെന്നു സ്വയം വിചാരിക്കുന്ന അദേഹത്തിന്റെ മനസ് അവൾ മാറ്റിയെടുക്കുന്നു. പകരം ക്രിസ്തുവിനെപ്പോലെ വിശുദ്ധമായ മനസാണ് അദേഹത്തിന്റേതെന്ന് അവൾ വിശ്വസിക്കുന്നു. ആ തിരിച്ചറിവ് അദ്ദേഹത്തിന് തന്റെ ജീവിതം തിരികെ പിടിക്കാൻ കെൽപ് നൽകുന്നു. പറഞ്ഞ സമയത്തിനുള്ളിൽ നോവൽ എഴുതിയെങ്കിലും അത് പ്രസിദ്ധപ്പെടുത്താനാവാതെ പോകുന്ന നിമിഷത്തിൽ അതേക്കുറിച്ചു ആലോചിക്കാതെ അന്നയുമൊത്തു പുതിയ ജീവിതം തുടങ്ങാൻ അദ്ദേഹം തീരുമാനിക്കുന്നു. അവിടെയാണ് കഥ അവസാനിക്കുന്നത്.
ലോകം മുഴുവൻ ദുർനടപ്പുകാരനാണെന്നു പറഞ്ഞ വ്യക്തിയെ സ്നേഹം കൊണ്ട് മാറ്റിയെടുക്കുന്ന പെൺകുട്ടിയെ ഇവിടെ കാണാം. എന്ത് പ്രശ്നത്തെയും സ്നേഹത്താൽ പരിഹരിക്കാമെന്ന ഒരു ഉദാഹരണം കൂടിയാവുന്നു ഇത്. ഇതുവരെയുണ്ടായിട്ടുള്ള സാഹിത്യസൃഷ്ടികളിൽ ഏറ്റവും മികച്ച ഒന്നായി ഈ പുസ്തകം നിലനിൽക്കുന്നതിനു കാരണം ഇത് പങ്കുവെയ്ക്കുന്ന സങ്കല്പവും സത്യവും കലർന്ന ജീവിത സാഹചര്യങ്ങൾ മൂലമാവാം.
'ജീവിത സംഘർഷങ്ങൾക്കിടയിലും തുടർച്ചയായി ഒഴുകുന്ന കാവ്യ നീതി...... മനസിന്റെ അന്തരാളങ്ങളിൽ നിന്നും ദസ്തയേവ്സ്കി എന്ന മനുഷ്യമനസ് സൃഷ്‌ടിച്ച കഥാപാത്രങ്ങൾ ഇന്നും നിലനിൽക്കുന്നു.... ഒരു സങ്കീർത്തനം പോലെ.......
സ്വാതി സാബു
No comments:
Post a Comment