Saturday, August 11, 2018

അവശേഷിപ്പ്- SK




കിണറിനു മുകളിൽ  കപ്പി 
അലറിക്കരഞ്ഞു തളർന്ന് 
ജീവനൊടുക്കിയിട്ട്  
നാളേറെയായി !! 
ഊർന്നിറങ്ങിയും  വലിഞ്ഞു  കയറിയും 
കുസൃതികളിപ്പിക്കാൻ
ആരുമെത്താത്തതിൽ കയർത്ത് 
കയർ മൂലയ്ക്ക് ചുരുണ്ട് കൂടിക്കിടപ്പാണ്
മുങ്ങിക്കുളിച്ചിട്ട്  ഏറെ നാളായതിനാൽ തൊട്ടി
മുഷിഞ്ഞു വിഷാദം പൂണ്ട്  
നിലത്തിറങ്ങി   കുന്തിച്ചിരിപ്പുണ്ട്
നനവിൽ  ഞാൻ നട്ട തുളസിയും
ആടലോടകവും ചെമ്പരത്തിയും  
വരണ്ട നാവു നീട്ടി കിതയ്ക്കുകയാണ്
 "അമ്മ ഒരിക്കലും വന്നെത്തി നോക്കുന്നില്ല
എന്ന് പരിഭവം പറഞ്ഞ്  
കിണററിനകം മുടി നീട്ടി ജട പിടിച്ച് 
പാമ്പുടുപ്പുകൾക്ക്  അയ കെട്ടി
അരികിലെത്തുന്ന എല്ലാവരെയും  
 തുറിച്ചു നോക്കി ഭയപ്പെടുത്തുകയാണ്  !
"അയലത്തെ ആരും 
ഇത് വഴി വരാത്തതെന്തേ
എന്ന്  തേങ്ങിതേങ്ങി  
കിണറരികെ  
ഒരു കൊച്ചു ചവിട്ടടിപ്പാത
വല്ലാതെ മെലിഞ്ഞു പോയിരിക്കുന്നു.   
അലിവു തോന്നി ആരോ 
മൂക്കിലൂടെ ഓക്സിജൻ കുഴൽ 
ഇട്ടു കൊടുത്തിരിക്കുന്നതിനാൽ 
കിണറിന്
ഇപ്പോഴും 
ഒരു നേർത്ത ശ്വാസം  
അവശേഷിക്കുന്നുണ്ട് !!
ഉറവക്കണ്ണുകൾ
 
ആയാസപ്പെട്ടു തുറന്ന്
ഇടയ്ക്കിടെ
വിതുമ്പലോടെ
എന്തോ
പറയാൻ ശ്രമിക്കുന്നുണ്ട് !!

No comments:

Post a Comment