തൊണ്ടയിൽ രക്തത്തിന്റെ രസമുണ്ടായിട്ടും അടുത്തുള്ള ഇരുമ്പഴികളിൽ പ്രതിധ്വനിച്ചു വരുന്ന അലമുറകൾ പുതുതായി അനുഭവപ്പെട്ടു. ഇടതു ചെവിയിൽ അലമുറകളും വലതു ചെവിയിൽ ഗാഢമായ ഒരുതരം ഇരമ്പലും. ഇവ മാത്രമായിട്ടായിരുന്നൂ ഈ ലോകത്ത് അവന് ആകെ ബന്ധം ഉണ്ടായിരുന്നത്. കണ്ണുകൾ തുറക്കാൻ ഈയിടെയായി കഴിയാറില്ല. വെളിച്ചം കണ്ണിലേക്ക് അംബെയ്യുന്നതായി അനുഭവപ്പെട്ടു. കൂട്ടിനായി ഓർമ്മകൾ പോലുമില്ല ബുദ്ധിയിൽ പോലും നിറഞ്ഞുനിന്നത് അന്ധകാരം മാത്രമാണ്. അങ്ങനെ അന്ധകാരത്തിനോട് അവന് പ്രണയമായി, അത് പുറം ലോകത്തോടുള്ള വിരക്തിയായി.
എം എ കഴിഞ്ഞ ഉടനെ കോളേജിൽ അധ്യാപകനായി ജോലി ലഭിച്ച് ആദിത്യനാഥൻ ആ ഗ്രാമത്തിൻറെ അഭിമാനമായിരുന്നു. ജനിച്ച അന്നുമുതൽ പക്വതയുടെ മന്ദസ്മിതം അണിഞ്ഞിരുന്ന ആദിത്യൻ വാണത്തിങ്കര ഗ്രാമത്തിൻറെ കൗതുക പാത്രമായിരുന്നു. പള്ളിക്കൂടത്തിൽ എന്നും ഒന്നാമനായിരുന്നു അവന് കൂട്ട് അവൻറെ മുറിയും മുത്തച്ഛൻറെ പുസ്തകങ്ങളുമായിരുന്നു. ദൂരദേശത്ത് ജോലി അവൻറെ നിർവികാരതക്ക് മാറ്റേകി. കോളേജ് വരാന്തയിലൂടെ നിശബ്ദമായി നടന്ന് ക്ലാസ് മുറിയിൽ ശാന്തമായി തീവ്ര തത്വങ്ങൾ പങ്കിട്ട ആദിത്യനാഥൻ എന്ന അധ്യാപകൻ വിദ്യാർഥികൾക്ക് വിസ്മയമായിരുന്നു. ഒരു ദിവസം ക്ലാസ് മുറിയിൽ നിന്നും ക്ലാസിനുശേഷം നടന്നിറങ്ങിയ ആദിത്യനെ ഒരു നിശബ്ദത പിന്നിൽ നിന്നു വിളിച്ചു. തിരിഞ്ഞുനോക്കിയത് നിർവികാരമായ കൺമഷി കറപുരണ്ട കണ്ണുകളിലേക്ക്. ആ നിശബ്ദതയും നിർവികാരതയും ആയിരുന്നു അവരുടെ പ്രണയം.
ഒരു രാത്രിയിൽ ആദിത്യനാഥ് കിടക്കയിൽ നിന്ന് എഴുന്നേറ്റിരുന്ന് തൻറെ വാമന ഭാഗത്തോട് മന്ത്രിച്ചു,"വിട തരൂ" എന്ന്. അവൾ നിർവികാരമായി അയാളുടെ മിഴിയിലേക്ക് ഉറ്റുനോക്കി. പുറം തിരിഞ്ഞു നടന്നു നീങ്ങിയ അയാളുടെ ചിത്രം അവ്യക്തമായി വന്നുവന്ന് പെട്ടെന്ന് വ്യക്തമായതും, ഒരു തുള്ളി മിഴിനീർ മുഖത്ത് വീണ അവരുടെ കുഞ്ഞുണർന്നനങ്ങിയതും ഒരേ നിമിഷമായിരുന്നു. ഒരിക്കൽ പ്രണയമായി തീർന്ന ആ നിർവികാരത ജീവിക്കാനുള്ള അവളുടെ ശക്തിയായി. അവരുടെ മകൻ കർണൻ അവരെപ്പോലെ വളർന്നു . ആരോടും ഇടപെടാത്ത കർണ്ണൻ അമ്മയോടുപോലും വിരളമായ സംസാരിച്ചിട്ടുള്ളൂ തന്നെ ഒരിക്കൽ ഇഷ്ടപ്പെട്ടവർ ഒരുദിവസം അടുത്ത് അമ്പലക്കുളത്തിൽ കരയിലിരിക്കുന്ന കുളക്കടവിൽ പതിവില്ലാതെ അമ്മയെ കണ്ടു. അവൾ നിർവികാരമായി അവൻറെ കണ്ണിലേക്ക് ഉറ്റുനോക്കി കുളത്തിനെ നടുവിലേക്ക് നടന്ന് നടന്ന് നാടുനീങ്ങി. ഒരുതുള്ളി കണ്ണീർപോലും കർണൻ പൊഴിച്ചില്ല നാടുവിട്ട ഭർത്താവുള്ള ഒരു സ്ത്രീ നേരിടേണ്ടിവരുന്ന അപമാനങ്ങളും ആരോപണങ്ങളും അസഹ്യമായതാണ് അവൾ ഇപ്പൊൾ ഇങ്ങനെ ചെയ്യാൻ കാരണമെന്ന് ആരോ പറഞ്ഞ് അവൻറെ കാതിൽ പറഞ്ഞു.
എന്നും തനിച്ചായിരുന്നു അവന് അമ്മയുടെ ശൂന്യത നഷ്ടമായി അനുഭവപ്പെട്ടില്ല. എന്നാൽ തനിക്കും തൻറെ അമ്മയ്ക്കുമൊപ്പം അച്ഛൻ ഉപേക്ഷിച്ചുപോയ പുസ്തകങ്ങൾ അവൻറെ നിർവികാരത നിറഞ്ഞ കണ്ണിൽപ്പെട്ടു .ആദ്യമായി അവനെ ആശതോന്നി .അതിലെ ആശയങ്ങളോട് പ്രണയവും ശൂന്യത നിറഞ്ഞ ജീവിതത്തിൽ അവൻ വായിച്ചറിഞ്ഞ കഥാപാത്രങ്ങളെ കുത്തിനിറച്ചു .അങ്ങനെ അവൻറെ ജീവിതം അവൻ തന്നെ രചിച്ച സാങ്കല്പിക നാടകമായി .അവൻ കൊണ്ടാടി നാട്ടു വീഥികളിലൂടെ നടക്കുമ്പോൾ അവൻതന്നെ സഹയാത്രികരോട് സംസാരിച്ചു ചിരിച്ചു പ്രണയിനിയോട് കുശലം പറഞ്ഞു.
ഒരുദിവസം കാമുകിയുമായി അമ്പലക്കുളക്കരയിൽനിന്ന് സംസാരിക്കവേ അവൻ മയങ്ങിവീണു .വായിൽ നിന്ന് നുരയും പതയും വന്നു. കണ്ണു തുറന്നപ്പോൾ അപരിചിതർ അപരിചിതമായ സ്ഥലം. അന്നാദ്യമായ് അലമുറയിട്ട് അവൻ കരഞ്ഞു .അതും കൂടെ ആയപ്പോൾ നാട്ടുകാർ അവനെ ഭ്രാന്തനായി മുദ്രകുത്തി അഴികൾക്കുള്ളിൽ അടച്ചു തനിയെ സംസാരിച്ചു നടക്കുന്ന സ്വഭാവം ഉള്ള ആളാണെന്നും ആദ്യമായി ഒച്ചവെച്ചപ്പോൾ ഉപദ്രവിക്കുമോ എന്ന ആശങ്കയും നാട്ടുകാർ അന്യോന്യം പങ്കുവച്ചു. തലച്ചോറിലേക്ക് വൈദ്യുതി കടത്തി അവൻറെ ഓർമ്മയുടെ മുത്തുകൾ അവർ ചിന്നഭിന്നമാക്കി.
ഇപ്പോൾതന്നെ തൊണ്ടയിലെ രുചി തൻറെ രക്തത്തിൻറെതാണെന്ന് പോലും തിരിച്ചറിയാനാകാതെ അജ്ഞതയുടെ അപാരതയിൽ രമിച്ച അവനു മുമ്പിൽ അവസാനത്തെ ആശ്രയമായിരുന്ന ഇരുമ്പഴികൾ തുറന്നു നൽകപ്പെട്ടു. ഒന്നും ചിന്തിക്കാതെ ഒന്നും പറയാതെ നിർവികാരനായി അവൻ പുറത്തേക്ക് നടന്നു നീങ്ങി. താടിയും മുടിയും നീട്ടിവളർത്തിയ ഒരു വൃദ്ധനായ ഭ്രാന്തൻ അവൻറെ യാത്ര നിർവികാരതയോടെ കണ്ടു നിന്നതിനുശേഷം അവൻറെ തടവറയിൽ കടന്നുചെന്നു. ആ തടവറയുടെ ചുവരിൽ കർണൻ കരിക്കട്ടകൊണ്ട് വരച്ചുവെച്ചത് അയാൾ വായിച്ചു.
"ഭ്രാന്തെനിക്കോ???
അന്നാദ്യമായി ആദ്യത്തെ നാഥൻ കണ്ണിലെ നിർവികാരത ബാഷ്പമായി ഭൂമിയെ ചുംബിച്ചു.
No comments:
Post a Comment